ടെൽ അവീവ്: ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബിനെ വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രയേൽ സ്ഥിരീകരിച്ചു. ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സാണ് ബുധനാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മേഖലയിൽ ഇറാൻ-ഇസ്രയേൽ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് ഈ നിർണായക നീക്കം.
ഇസ്മായിൽ ഖത്തീബിന് പുറമെ, ഇറാന്റെ സുപ്രധാന സുരക്ഷാ ചുമതലയുള്ള അലി ലാരിജാനി, ബസിജ് അർദ്ധസൈനിക വിഭാഗം മേധാവി ഗുലാം റെസ സുലൈമാനി എന്നിവരും കൊല്ലപ്പെട്ടതായി
ഇന്നലെ റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രമുഖ നേതാക്കളുടെ വധത്തിന് പിന്നാലെ ഇസ്രയേലിന് നേരെ ഇറാൻ ക്ലസ്റ്റർ മിസൈലുകൾ പ്രയോഗിച്ചതായാണ് വിവരം.
ടെൽ അവീവ് ഉൾപ്പെടെയുള്ള നഗരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അമേരിക്കയുടെ സഹകരണത്തോടെ ഇസ്രയേൽ നടത്തുന്ന 'ഓപ്പറേഷൻ റോറിംഗ് ലയൺ' എന്ന സൈനിക നീക്കത്തിന്റെ ഭാഗമായാണ് ഈ ആക്രമണങ്ങൾ നടക്കുന്നത്. ഇറാന്റെ ആണവ കേന്ദ്രങ്ങളെയും സൈനിക നേതൃത്വത്തെയും തകർക്കുകയാണ് ഇതിന്റെ ലക്ഷ്യം.